വളാഞ്ചേരിയില്‍ നിന്നും ഒഡിഷയിലേക്ക് സൈക്കിളില്‍; അതിഥി തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ച് പോലിസ് പിടികൂടി തിരിച്ചയച്ചു
വളാഞ്ചേരി: വളാഞ്ചേരിയില്‍ നിന്നും സൈക്കിളില്‍ ഒഡീഷയിലേക്ക് പുറപ്പെട്ട അഞ്ചംഗ അതിഥി തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ച് പെരിന്തല്‍മണ്ണ പോലീസ് പിടികൂടി തിരിച്ചയച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് നാലു സൈക്കിളുകളിലായി അഞ്ചുപേരടങ്ങുന്ന സംഘം വളാഞ്ചേരിയില്‍ നിന്നും പുറപ്പെട്ടത്. സൈക്കിളിള്‍ കെട്ടിവച്ച ബാഗുകളുമായി കിലോമീറ്ററുകള്‍ താണ്ടി വരുന്നതിനിടയ്ക്കാണ് അങ്ങാടിപ്പുറം മേല്‍പ്പാലം പരിസരത്തു വെച്ചു പെരിന്തല്‍മണ്ണ വനിതാ എസ്ഐ രമാദേവിയും സംഘവും പിടികൂടിയത്.
വളാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവരെല്ലാവരും. ലോക്ക് ഡൗണ്‍ മൂലം ഹോട്ടല്‍ പൂട്ടിയതോടെ പണിയില്ലാതെ റൂമില്‍ കഴിയുന്പോഴാണ് വീട്ടുടമയുടെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയത്. എന്നാല്‍ തങ്ങള്‍ക്ക് പോകാന്‍ താത്പര്യമില്ലായിരുന്നുവെന്നും കയറി കിടക്കാന്‍ ഇടമില്ലാത്തതിനാലാണ് ഞങ്ങള്‍ സൈക്കിളുമെടുത്ത് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിതെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടുടമയ്ക്ക് ഫോണ്‍ ചെയ്ത് താക്കീത് നല്കിയ പോലിസ് ഇവരോട് താമസസ്ഥലത്തേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പോലീസിന്റെ നിര്‍ദേശ പ്രകാരം ഇവര്‍ സൈക്കിളില്‍ വന്നവഴി വളാഞ്ചേരിയിലേക്ക് തന്നെ തിരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here