യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേവികക്ക് വീടൊരുങ്ങുന്നു
ഇരിമ്പിളിയം: ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് മാനസിക പ്രയാസം മൂലം ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിലെ പുളിയപ്പറ്റക്കുഴി ഹരിജൻ കോളനിയിലെ, കൊളത്തിങ്ങൽ ബാലകൃഷ്ണൻ – ഷീബ ദമ്പതികളുടെ മകൾ ദേവികയുടെ കുടുംബത്തിന്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് കർമ്മം വി.ടി ബൽറാം എം.എൽ.എ നിർവ്വഹിച്ചു.
പഠനത്തിൽ മിടുക്കിയായിരുന്ന ദേവിക ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ദേവികയുടെ മരണത്തെത്തുടർന്ന് വീടു സന്ദർശിച്ച യൂത്തുകോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ.യും വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും ദേവികയുടെ കുടുംബത്തിന് വാസയോഗ്യമായ വീടു നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
9 ലക്ഷം രൂപ ചിലവിൽ 800 സ്ക്വയർ ഫീറ്റ് വീടാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി നിർവ്വഹിച്ചുനൽകുന്നത്. കട്ടിളവെപ്പ് വി.ടി.ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, ജില്ലാ പ്രസിഡണ്ട് ഷാജി പച്ചീരി ,സെക്രട്ടറി – മുഹമ്മദ് പാറയിൽ, ഡി.സി.സി.ജനറൽ സെക്രട്ടറി പി.സി.എ.നൂർ, നാസർ – തെന്നല, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു മാസ്റ്റർ, ബോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.അബ്ദുൾ റഹ്മാൻ മാസ്റ്റർ, എ.പി.നാരായണൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ വിനു പുല്ലാനൂർ, പി.ടി ഷഹ്നാസ് മാസ്റ്റർ, മഹേഷ് കളരിക്കൽ, പി.സമദ്, സക്കീർ പി, അസീസ് കെ.പി, അൻസാർ, നൗഫൽ എ.പി, റിയാസ് എ.പി, മുഹമ്മദ് റഹീം എന്നിവർ സംബന്ധിച്ചു. ചടങ്ങിനു ശേഷം എം.എൽ.എയും, നേതാക്കളും, ദേവികയുടെ കുടുംബത്തെ സമാശ്വസിപ്പിച്ചാണ് യാത്രയായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here