സമദാനി എം.എൽ.എയ്ക്ക് മധ്യസ്ഥശ്രമത്തിനിടെ കുത്തേറ്റു
പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമത്തിനിടെ കോട്ടയ്ക്കല്‍ എം.എൽ.എ എം.പി. അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു. മൂക്കിനാണ് മുറിവ്. രണ്ട് തുന്നല്‍ വേണ്ടിവന്നു. കോട്ടയ്ക്കല്‍ മിംസ് ആസ്പത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് രണ്ടുദിവസത്തിനകം വീട്ടിലേക്ക് മടങ്ങാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സമദാനിയെ ആക്രമിച്ച കോട്ടയ്ക്കല്‍ പുളിക്കല്‍ അഹമ്മദ്കുട്ടി (കുഞ്ഞാവഹാജി-56) യെ സംഭവസ്ഥലത്തുവെച്ചുതന്നെ നാട്ടുകാര്‍ പിടികൂടി. ഇവരുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ ആദ്യം കോട്ടയ്ക്കല്‍ അല്‍മാസ് ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തൃശ്ശൂര്‍ റേഞ്ച് ഐ.ജി എസ്. ഗോപിനാഥ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8.45ഓടെ ചെനയ്ക്കലിലുള്ള എം.എല്‍.എയുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം.
കോട്ടയ്ക്കലിനടുത്തുള്ള കുറ്റിപ്പുറത്ത് ആലിന്‍ചുവട് ജുമാഅത്ത് പള്ളി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി 2008 ആഗസ്ത് 29നുണ്ടായ സംഘട്ടനത്തില്‍ സഹോദരങ്ങളായ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇവരുടെ സഹോദരനാണ് അഹമ്മദ്കുട്ടി. ഇതേത്തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് തറവാട്ടുകാര്‍ അകല്‍ച്ചയിലാണ്. ഈ കുടുംബക്കാരെ രമ്യതയിലെത്തിക്കുന്നതിന് യോഗം വിളിച്ചുചേര്‍ക്കുന്ന കാര്യം സംസാരിക്കാന്‍ പ്രതിനിധികള്‍ എം.എൽ.എയുടെ വീട്ടിലെത്തിയതായിരുന്നു. സംസാരത്തിനുശേഷം പുറത്തിറങ്ങിയ അഹമ്മദ്കുട്ടി വ്യക്തിപരമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എം.എല്‍.എയുടെ മുറിയിലേക്ക് തിരികെ കയറി. അകത്തുനിന്ന് കതക് കുറ്റിയിട്ടശേഷം പ്രകോപനമൊന്നുമില്ലാതെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് സമദാനിയുടെ മൊഴി. ബഹളംകേട്ട് പുറത്തുണ്ടായിരുന്നവര്‍ കതക് ചവിട്ടിത്തുറന്നാണ് എം.എല്‍.എയെ ആസ്പത്രിയിലെത്തിച്ചത്.
ഒരുസെന്റീമീറ്റര്‍ നീളമുള്ള ചെറിയ മുറിവ് മാത്രമാണുള്ളതെന്നും രണ്ടുദിവസത്തിനകം ആസ്പത്രി വിടാനാകുമെന്നും ആസ്പത്രി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുള്‍ അസീസ്, ഡോ. യാസര്‍ എന്നിവര്‍ പറഞ്ഞു.
സംഭവമറിഞ്ഞ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, കെ.പി. മോഹനന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.എൽ.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. ഉബൈദുള്ള, കെ.ടി. ജലീൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍മജീദ്, ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആസ്പത്രിയിലെത്തി.
ജില്ലാ പോലീസ്ചീഫ് എച്ച്. മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഉടന്‍ സ്ഥലത്തെത്തി. തിരൂര്‍ ഡിവൈ.എസ്.പി കെ.എം. സെയ്താലിക്കാണ് അന്വേഷണച്ചുമതല. സമദാനിക്ക് ആസ്പത്രിയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Summary:
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here